To,
പ്രൊഡ്യൂസേര്സ് അസ്സോസിയെഷന്‍
CC:അമ്മ, മാക്ട, ഫെഫ്ക
27-ചിങ്ങം-1188
പ്രിയപ്പെട്ട സാറുമാരെ,
മലയാള സിനിമയെ വളരെയധികം സ്നേഹിക്കുകായും ഏതെങ്കിലും വിധത്തില്‍ സിനിമയുടെ ഭാഗമാകാന്‍ കൊതിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് ഞാന്‍. പത്താംക്ലാസ് കഴിഞ്ഞുടനെ സിനിമയില്‍ അവസരം തേടി മദിരാശിക്ക് പോകാനും അവിടെ ശശി സാറിന്റെ വീട്ടില്‍ പോയി സീമ ചേച്ചിയെ കണ്ട് ശശി സാറിന്റെ അടുത്ത പടത്തില്‍ നായകനാകാനുമായിരുന്നു പ്ലാന്‍ എന്നാല്‍ മദിരാശിയിലെ കഠിനമായ വെയിലില്‍ അലഞ്ഞാല്‍ കറുത്തുപോകുന്നും പിന്നെ നായകവേഷങ്ങള്‍ കിട്ടില്ലന്നും കൂട്ടുകാരന്‍ മസില്ഷാജി പറഞ്ഞത്കൊണ്ട് മാത്രം ആ യാത്ര വേണ്ടാന്ന് വച്ച്, സംവിധായകന്‍ ആണ് സിനിമയുടെ നട്ടെല്ലന്നും നായകന്മാര്‍ക്ക്കെ അങ്ങേരെ ഭയങ്കര പേടിയും ബഹുമാനവുമാണെന്നും കൂടി മസില് ഷാജി പറഞ്ഞുതന്നു. പിന്നെ ഞാന്‍ നായകവേഷംവിട്ട് സംവിധായകന്‍ ആകാനുള്ള പരിശ്രമം ആരംഭിച്ചു, ശശിഅണ്ണന്റെ ബാര്‍ബര്‍ ഷാപ്പിലെ വെള്ളിനക്ഷത്രം,നാനാ,സിനിമാ മംഗളം എല്ലാം മനസിരുത്തി തന്നെ വായിച്ചു പഠിച്ചു, വിശദമായ പഠനങ്ങള്‍ക്കായി അങ്ങേരു കാണാതെ ചിലപെജ്‌കള്‍ കീറി വീട്ടികൊണ്ട് പോകുകയും ചയ്തു. ലോകസിനിമകള്‍ പഠിക്കാന്‍ കുറെ ഇംഗ്ലീഷ് സിനിമകളുടെ ഫംഗസ് കേറിയ വീഡിയോ കാസറ്റ് വടകക്കെടുത്തു കണ്ടു (ഇംഗ്ലീഷ് പടം എന്നാല്‍ തുണ്ട് പടം എന്നായിരുന്നു നാടിലെ അവസ്ഥ, വേറെ ഇംഗ്ലീഷ് പടങ്ങള്‍ അപൂര്‍വ്വം, എന്തായാലും ഒരു നല്ല കാര്യതിനല്ലേന്നു കരുതി മലയാള സിനിമയെ ഉദ്ധരിക്കാന്‍ ഞാനും കുറെ ഇംഗ്ലീഷ് പടങ്ങള്‍ കണ്ടു) കുറെകാലം കഴിഞ്ഞപ്പോള്‍ സംവിധാന പ്രാന്തു മെല്ലെ മ്യൂസിക്ക് പ്രാന്തിന് വഴിമാറി മനസ്സില്‍ എ.ആര്‍ റഹ്മാനും സിരകളില്‍ യേശുദാസുമായി,ഹിന്ദുസ്ഥാനി പഠിക്കണമെന്ന മോഹമുമായി കുറെകാലം തേരാപാരാ നടന്നു.
വേലക്കുംകൂലിക്കും പോവാതെ നാട്ടില്‍ വാറ്റിതിരിഞ്ഞിട്ടു വന്നാല്‍ വീട്ടി കേറ്റൂലന്നു പോളിറ്റ്ബ്യൂറോ അന്ത്യശാസനം വന്നതോടെ വയറ്റിപെഴപ്പിനായി വേറെവഴിയില്ലതോണ്ട് ജോലിക്ക് പോയി തുടങ്ങി, കാലക്രമയണ ജോലികള്‍ പലതും മാറി മനസീന്നു സിനിമാ പ്രാന്തും മാറി. ഞാന്‍ ഇത്രയും പറഞ്ഞത് എന്റെ സിനിമയോടുള്ള ആത്മാര്‍ത്ഥ എത്രയുന്ടന്നു നിങ്ങള്‍ക്ക് മനസിലാകാനാണ് സാര്‍..
മലയാള സിനിമ പ്രതിസന്ധിയാണന്നു കേട്ടപ്പോള്‍ ഈ സിനിമാപ്രേമിയുടെ മനസ് തകര്‍ന്നു പോയി, മലയാള സിനീമക്ക് വേണ്ടി ഒരു ശത്രുസംഹാര പൂജയും മൂന്നാല് രക്തപുഷ്പാഞ്ജലിയും ഞാന്‍ നടത്തി സാര്‍. അതിന്റെ ഫലമാണോ എന്നറിയില്ല, (അങ്ങനെ തന്നെ ഞാന്‍ വിശ്വസിക്കുന്നു സാര്‍)) മലയാള സിനിമയ്ടെ രക്ഷക്കായി ഏജന്റ്റ്. ജാനു സോഫ്റ്റ്‌വെയര്‍ കണ്ടുപിടിക്കപെട്ടത്. ഇന്‍റര്‍നെറ്റു വഴി സിനിമ കാണുന്ന എല്ലാ കാലമാടന്‍മാരെയും നമുക്ക് ഇന്റെര്പോളിനെ കൊണ്ട് പിടിപ്പിക്കണം അവന്മാര്‍ക്ക് ജീവപര്യന്തം മേടിച്ചു കൊടുക്കയും വേണം അതിനു ജാനുനെക്കള്‍ മസിലും ബുദ്ധിയുമുള്ള ഒരു കിടിലന്‍ സോഫ്റ്റ്‌വെയര്‍ നമുക്ക് കണ്ടുപിടിക്കണം
ഞങ്ങള്‍ കുറെ സിനിമാപ്രേമികള്‍ ചേര്‍ന്ന് ഭൈരവന്‍ ടെക്. & സോഫ്റ്റ്‌വേയര്‍ സൊലൂഷന്‍സ് (P) Ltd. എന്നൊരു കബനി രൂപീകരിച്ചിട്ടുണ്ട് മലയാള സിനിമയെ ഉദ്ധരിക്കാന്‍ കൂടുതല്‍ ഫലപ്രദമായ "ഏജന്റ്റ്. ഭൈരവന്‍" V.1.00.12.01" എന്നൊരു സൊഫ്ട്വെയര്‍ വികസിപ്പിച്ചെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ സിനിമയെ സ്നേഹിക്കുന്ന നല്ലവരായ ഒരു കൂട്ടം ഇന്റര്‍നെറ്റ് സന്നധസേവകര്‍ തയ്യാറായിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന്റെ പ്രാരംഭ നടപടി എന്നനിലയ്ക്ക് ടോറന്ടിലൂടെയുള്ള പുതിയ മലയാള സിനിമകളുടെ ഷയറിങ്ങിനെ കുറിച്ച് പഠിക്കുന്നതിലും ഗവേഷണങ്ങള്‍ നടത്തുകയുമാണ് ഞങ്ങള്‍ ആയതിനാല്‍ സിനിമ ഡൌണ്‍ലോഡ് ചെയ്യുന്നവരുടെ ലിസ്ട് തയ്യാരാക്കുബോള്‍ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ എര്പെട്ടിരിക്കുന്ന ഞങ്ങളുടെ ip അഡ്രെസ്സ്കള്‍ ദയവായി ഒഴിവാക്കണമെന്നും കൂടുതല്‍ പുതിയ മലയാള സിനിമകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
എന്നെന്നും മലയാള സിനിമയുടെ നന്മക്ക് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട്
ഭൈരവന്‍ ടെക്. & സോഫ്റ്റ്‌വേയര്‍ സൊലൂഷന്‍സ് (P) Ltd നുവേണ്ടി,
ഒരു സിനിമാപ്രേമി